യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; മൂടൽമഞ്ഞിന് സാധ്യത

  1. Home
  2. International

യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; മൂടൽമഞ്ഞിന് സാധ്യത

uae


യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ അന്തരീക്ഷത്തിൽ പൊതുവെ ചൂട് അനുഭവപ്പെടുമെങ്കിലും ചില പ്രദേശങ്ങളിൽ താപനില മുൻദിവസങ്ങളെ അപേക്ഷിച്ച് നേരിയ തോതിൽ കുറഞ്ഞേക്കും.

ദുബായിൽ കൂടിയ താപനില മുൻദിവസത്തെ 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് 37 ഡിഗ്രി സെൽഷ്യസായി കുറയാൻ സാധ്യതയുണ്ട്; കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസായിരിക്കും. അബുദാബിയിൽ കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയേക്കാം. എന്നാൽ ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്ന് രാത്രിയിലും നാളെ പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം ഉയരാൻ സാധ്യതയുണ്ട്. ഇതേത്തുടർന്ന് തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശിയടിച്ചേക്കാം. പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെങ്കിലും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.