യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം; ദുബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ ഇനി വെറും 3.4 സെക്കൻഡിൽ
നവീകരിച്ച സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വെറും 3.4 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാൻ സൗകര്യമൊരുക്കി ദുബൈ വിമാനത്താവളം. 11 വർഷം മുമ്പ് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി മുന്നോട്ടുവെച്ച ദീർഘവീക്ഷണമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് പരിശോധന ഇത്രയധികം വേഗത്തിലാക്കുന്നത്.
എയർലൈൻ ചെക്ക്-ഇൻ സമയത്ത് ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതോടെ യാത്രക്കാർക്ക് വിമാനത്താവളത്തിലെ വിവിധ സേവനകേന്ദ്രങ്ങളിൽ കാത്തുനിൽക്കാതെ തന്നെ സ്മാർട്ട് ഗേറ്റുകൾ വഴി ഇമിഗ്രേഷൻ കടന്ന് ലോഞ്ചിലേക്കും ബോർഡിങ് ഗേറ്റിലേക്കും എളുപ്പത്തിൽ നീങ്ങാൻ സാധിക്കും.
പാസ്പോർട്ട് പരിശോധനയുടെ സമയം കുറയ്ക്കുന്നതിനൊപ്പം വിമാനത്താവളത്തിൽ പ്രവേശിക്കുന്നത് മുതൽ വിമാനത്തിൽ കയറുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും തടസ്സമില്ലാത്തതാക്കുകയാണ് ലക്ഷ്യമെന്ന് അൽ മർറി വ്യക്തമാക്കി. വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം ഫലപ്രദമായി കൈകാര്യം ചെയ്യാനും തിരക്കേറിയ സമയങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും ഈ നവീകരണം വലിയ സഹായമാകും.
