ഖത്തറിൽ ട്രാഫിക് ഫൈൻ അടയ്ക്കൽ എളുപ്പമാകും; മെട്രാഷ് 2-ൽ പുതിയ ഫീച്ചർ
ഖത്തറിൽ ട്രാഫിക് പിഴകൾ അടയ്ക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം കൂടുതൽ ലളിതമാക്കി. മെട്രാഷ് 2 (Metrash2) ആപ്പിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ വഴി സ്വന്തം വാഹനത്തിന്റെ മാത്രമല്ല, മറ്റുള്ളവരുടെ വാഹനങ്ങളുടെയും ട്രാഫിക് നിയമലംഘനങ്ങൾ പരിശോധിക്കാനും പിഴ അടയ്ക്കാനും ഇനി സാധിക്കും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വാഹനങ്ങളുടെ പിഴകൾ അവരുടെ പക്കൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് മെട്രാഷ് വഴി തന്നെ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.
മെട്രാഷ് 2 ആപ്പിൽ ലോഗിൻ ചെയ്ത ശേഷം ട്രാഫിക് വിഭാഗത്തിലെ വയലേഷൻസ് എന്ന ഓപ്ഷനിലാണ് ഇതിനായി പ്രവേശിക്കേണ്ടത്. ഇതിൽ പുതുതായി ഉൾപ്പെടുത്തിയ 'അദർ വെഹിക്കിൾ വയലേഷൻസ്' എന്ന ഫീച്ചർ ക്ലിക്ക് ചെയ്ത് വാഹനത്തിന്റെ പ്ലേറ്റ് നമ്പറും ഉടമയുടെ ക്യു.ഐ.ഡി നമ്പറും നൽകിയാൽ പിഴ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകും. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഇഷ്ടാനുസൃതമായ പേയ്‌മെന്റ് മാർഗ്ഗം ഉപയോഗിച്ച് തുക അടയ്ക്കാവുന്നതാണ്.
ഇടപാട് പൂർത്തിയായ ശേഷം അതിന്റെ റെസീപ്റ്റ് കാണാനും ഭാവി ആവശ്യങ്ങൾക്കായി സേവ് ചെയ്യാനും സാധിക്കും. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെയും പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ പരിഷ്കാരം. ഖത്തറിലെ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഈ പുതിയ സേവനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
