16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വേണ്ട; നിർണായക തീരുമാനവുമായി യുകെ
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ. യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽനിന്ന് സാമൂഹിക മാധ്യമങ്ങളെ വിലക്കുമെന്ന് തിങ്കളാഴ്ച അദ്ദേഹം അറിയിച്ചു. സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, എക്സ് (X) തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഈ വിലക്ക് ബാധകമായേക്കും. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം 2027 മാർച്ച് മാസത്തോടെ നിലവിൽ വന്നേക്കുമെന്നാണ് സൂചന.
നിരോധനം ഏർപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ നൽകുന്ന ഉറപ്പ്. "16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തുന്നതിൽ ലോകത്ത് മറ്റേത് രാജ്യത്തേക്കാളും മുന്നേറാൻ പോവുകയാണ് ഞങ്ങൾ. കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാൻ കൂടുതൽ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും," കീർ സ്റ്റാമർ പറഞ്ഞു. സോഷ്യൽ മീഡിയ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കുകയാണെന്നും അവരിൽ കടുത്ത ആസക്തിയുണ്ടാക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി സ്റ്റാമർ കൂട്ടിച്ചേർത്തു.
