അബൂദബിയിൽ 'ബദാഹ' മത്സ്യബന്ധനത്തിന് അനുമതി; നിയന്ത്രണങ്ങൾ നീക്കി പരിസ്ഥിതി ഏജൻസി
അബൂദബി എമിറേറ്റിലെ കടൽതീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അബൂദബി പരിസ്ഥിതി ഏജൻസി. പ്രാദേശികമായി 'ബദാഹ' എന്നറിയപ്പെടുന്ന മത്സ്യത്തെ പിടിക്കുന്നതിനും വിപണനം നടത്തുന്നതിനുമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. മത്സ്യസമ്പത്തിന്റെ സുസ്ഥിരതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
മത്സ്യങ്ങളുടെ പ്രജനന കാലം പരിഗണിച്ച് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം പുനപ്പരിശോധിച്ചാണ് ഇപ്പോൾ മാറ്റം വരുത്തിയത്. 2026-ന്റെ ബാക്കി മാസങ്ങളിൽ ബദാഹ മത്സ്യത്തെ പിടിക്കാനുള്ള ഈ അനുമതി താൽക്കാലികമാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ അബൂദബിയിലെ മത്സ്യസമ്പത്തിൽ വലിയ വർദ്ധനവുണ്ടായതായി ഫീൽഡ് സർവ്വേകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികളെ സഹായിക്കാനും വിപണിയിൽ മത്സ്യലഭ്യത ഉറപ്പാക്കാനും ഇളവ് അനുവദിച്ചത്.
അബൂദബി ഭരണാധികാരിയുടെ അൽ ദഫ്ര റീജിയണിലെ പ്രതിനിധിയും ഇഎഡി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. എന്നാൽ ഈ ഇളവ് സ്ഥിരമായ ഒന്നല്ലെന്നും കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് മാത്രമേ നിയമങ്ങൾ തുടർന്നുപോകുകയുള്ളൂ എന്നും പരിസ്ഥിതി ഏജൻസി ഓർമ്മിപ്പിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മീൻപിടുത്തക്കാർ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
