സൗദിയിൽ പെട്രോൾ ഇനി മൂന്ന് ഇനങ്ങളിൽ; കരുത്തുറ്റ എൻജിനുകൾക്കായി 98 ഒക്ടേൻ ഈ മാസം വിപണിയിലേക്ക്

  1. Home
  2. International

സൗദിയിൽ പെട്രോൾ ഇനി മൂന്ന് ഇനങ്ങളിൽ; കരുത്തുറ്റ എൻജിനുകൾക്കായി 98 ഒക്ടേൻ ഈ മാസം വിപണിയിലേക്ക്

octane


സൗദി അറേബ്യയിലെ ഇന്ധന വിപണിയിൽ വലിയ മാറ്റങ്ങളുമായി പുതിയ ‘98 ഒക്ടേൻ’ പെട്രോൾ ഈ മാസം മുതൽ വിതരണത്തിനെത്തുന്നു. നിലവിലുള്ള 91, 95 ഒക്ടേൻ പെട്രോളുകൾക്ക് പുറമെയാണ് വാഹനങ്ങളുടെ എൻജിൻ ശേഷിയും പ്രവർത്തനക്ഷമതയും കണക്കിലെടുത്ത് മൂന്നാമതൊരു ഇന്ധനം കൂടി ലഭ്യമാക്കുന്നത്. അതിവേഗ സ്പോർട്സ് കാറുകൾ പോലെയുള്ള ഉയർന്ന മർദ്ദത്തിൽ പ്രവർത്തിക്കുന്ന കരുത്തുറ്റ എൻജിനുകൾ ലക്ഷ്യമിട്ടാണ് 98 ഒക്ടേൻ പെട്രോൾ അവതരിപ്പിക്കുന്നത്. എൻജിനുള്ളിൽ ഇന്ധനം അനാവശ്യമായി ജ്വലിക്കുന്നത് ഒഴിവാക്കാനും എൻജിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും ഉയർന്ന ഒക്ടേൻ നിരക്കുള്ള ഈ ഇന്ധനം സഹായിക്കും.

നിലവിൽ രാജ്യത്തെ വാഹനങ്ങളിൽ 0.5 ശതമാനം മാത്രമാണ് ഇത്തരം ഹൈ-പെർഫോമൻസ് വാഹനങ്ങൾ എന്നതിനാൽ, ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിലുമായിരിക്കും 98 ഒക്ടേൻ ലഭ്യമാകുക. സാധാരണ എൻജിനുകൾക്ക് 91 ഒക്ടേനും, ഇടത്തരം മുതൽ ഉയർന്ന മർദ്ദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾക്ക് 95 ഒക്ടേനും നിലവിലുള്ളതുപോലെ തന്നെ തുടരും. പുതിയ ഇന്ധനത്തിന്റെ വരവ് നിലവിലുള്ളവയുടെ വിതരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വാഹനങ്ങൾക്ക് ഏത് തരം പെട്രോളാണ് വേണ്ടതെന്ന കാര്യത്തിൽ ഉടമകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഒരു ഇന്ധനം മറ്റൊന്നിനേക്കാൾ മികച്ചതാണെന്ന് പറയാനാകില്ലെന്നും, മറിച്ച് വാഹന നിർമ്മാതാക്കൾ നിർദ്ദേശിച്ചിട്ടുള്ള പെട്രോൾ തന്നെ ഉപയോഗിക്കുന്നതാണ് എൻജിന്റെ പ്രവർത്തനത്തിന് ഏറ്റവും അനുയോജ്യമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. സ്വന്തം വാഹനത്തിന് അനുയോജ്യമായ ഇന്ധനം തിരിച്ചറിയാൻ യൂസർ മാനുവലോ ലോക്കൽ ഡീലറെയോ സമീപിക്കാവുന്നതാണ്.