ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവിസിൽ വളർത്തുമൃഗങ്ങൾക്ക് യാത്രാനുമതി; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
പുതുതായി ആരംഭിച്ച ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവിസിൽ യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാൻ അനുമതി. കമ്പനി പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നായ്ക്കളും വേട്ടയാടാൻ ഉപയോഗിക്കുന്ന പക്ഷികളായ ഫാൽക്കണുകളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ട്രെയിനിൽ അനുവദിക്കും.എന്നാൽ യാത്രയിലുടനീളം മൃഗങ്ങൾ അംഗീകൃത ട്രാവൽ കാരിയറിൽ (Approved Carrier) തന്നെ ഇരിക്കണം.വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്ന കാരിയർ, യാത്രക്കാരുടെ സാധാരണ ക്യാബിൻ ബാഗേജ് ആയിട്ടാണ് കണക്കാക്കുക. ഒരു യാത്രക്കാരന് ഒരേസമയം പെറ്റ് കാരിയറും മറ്റൊരു കാബിൻ ബാഗും ഒപ്പം കരുതാനാകില്ല.ഒരാൾക്ക് ഒരു പെറ്റ് കാരിയർ മാത്രമേ അനുവദിക്കൂ
അതേസമയം കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഓരോ കുട്ടിക്കും ഓരോ 'പുഷ്‌ചെയർ' സൗജന്യമായി കൊണ്ടുവരാം, വീൽചെയറോ മറ്റ് യാത്രാസഹായങ്ങളോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. എന്നാൽ, നിർമാതാക്കൾ തന്നെ ഘടിപ്പിച്ചിട്ടുള്ള ബാറ്ററികളുള്ള ഇലക്ട്രിക് വീൽചെയറുകൾ മാത്രമേ ട്രെയിനിൽ അനുവദിക്കൂ. ബുക്കിങ് സമയത്ത് തന്നെ വീൽചെയറുകൾക്കായുള്ള പ്രത്യേക ഇടം റിസർവ് ചെയ്യണം. അതേസമയം, സൈക്കിളുകൾ, ഇ-സ്‌കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവിസുകളിൽ അനുവദിക്കില്ല.
