കുവൈത്തിൽ അൽ ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു; അത്യാധുനിക സൗകര്യങ്ങളോടെ പാർക്ക് സജ്ജം
കുവൈത്ത് സിറ്റിയുടെ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന വിഖ്യാതമായ അൽ ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. അൽ സൂർ തിയേറ്ററിൽ നടന്ന ചടങ്ങിൽ സ്മാരകം അനാച്ഛാദനം ചെയ്തുകൊണ്ടാണ് അദ്ദേഹം പദ്ധതി നാടിന് സമർപ്പിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഉയർത്തിക്കാട്ടുന്ന വർണാഭമായ ചടങ്ങുകളും ഡോക്യുമെന്ററി പ്രദർശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി.
രാജ്യത്തെ ഏറ്റവും വലിയ പൊതു പാർക്കായ അൽ ഷഹീദ് പാർക്ക് മൂന്നാം ഘട്ട വികസനം പൂർത്തിയായതോടെ ഒരു പ്രധാന ദേശീയ വിനോദസഞ്ചാര കേന്ദ്രമായി മാറും. മൊത്തം 2,03,162 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മൂന്നാം ഘട്ടത്തിൽ 1,90,661 ചതുരശ്ര മീറ്ററും ഹരിതമേഖലയായി നിലനിർത്തിയിട്ടുണ്ട്. റോമൻ തിയേറ്റർ, ഔട്ട്‌ഡോർ സിനിമ, ഐസ്-സ്‌കേറ്റിംഗ് റിങ്ക്, ജിംനേഷ്യം, റസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങി നിരവധി അത്യാധുനിക വിനോദ-വിശ്രമ സൗകര്യങ്ങളാണ് പുതുതായി ജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.
