ഇന്ത്യൻ എംബസിയുടെ പേരിൽ ഫോൺ കാൾ തട്ടിപ്പ്; ബഹ്റൈനിലെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമിട്ട് വീണ്ടും ഫോൺ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്ന സംഘത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നമ്പരായ +911123017160 വ്യാജമായി നിർമ്മിച്ചാണ് (Spoofing) തട്ടിപ്പുകാർ ആളുകളെ ബന്ധപ്പെടുന്നത്.
പാസ്‌പോർട്ട്, വിസ അപേക്ഷകൾ അല്ലെങ്കിൽ ഇമിഗ്രേഷൻ രേഖകളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് തുടങ്ങുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആവശ്യപ്പെടും. പണം നൽകാൻ തയ്യാറാകാത്തവരെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നോ ജയിലിലടയ്ക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതായും പരാതികളുണ്ട്. ഇത്തരം കോളുകൾ കണ്ട് പ്രവാസികൾ ഭയപ്പെടരുതെന്ന് എംബസി വ്യക്തമാക്കി.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒരിക്കലും ഫോണിലൂടെ വ്യക്തിഗത വിവരങ്ങളോ പണമോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അപേക്ഷകരിൽ നിന്നും കൂടുതൽ രേഖകൾ ആവശ്യമുണ്ടെങ്കിൽ @mea.gov.in എന്ന ഔദ്യോഗിക ഡൊമെയ്‌നിലുള്ള ഇമെയിലുകൾ വഴി മാത്രമേ എംബസി ബന്ധപ്പെടുകയുള്ളൂ. വ്യാജ കോളുകൾ ലഭിക്കുന്നവർ ഉടൻ തന്നെ wel2.bahrain@mea.gov.in എന്ന ഇമെയിലിലോ പ്രാദേശിക പോലീസിലോ വിവരം അറിയിക്കണം.
