ഒമാൻ എയർ ബുക്കിങ്ങിൽ ഇനി യാത്രക്കാരുടെ ഫോൺ നമ്പറും ഇമെയിലും നിർബന്ധം

  1. Home
  2. International

ഒമാൻ എയർ ബുക്കിങ്ങിൽ ഇനി യാത്രക്കാരുടെ ഫോൺ നമ്പറും ഇമെയിലും നിർബന്ധം

oman air


വിമാന സർവീസുകളിലെ അടിയന്തര മാറ്റങ്ങളും അറിയിപ്പുകളും യാത്രക്കാരിലേക്ക് നേരിട്ടെത്തിക്കുന്നതിനായി പുതിയ നിബന്ധനയുമായി ഒമാൻ എയർ. ഇനിമുതൽ എല്ലാ ടിക്കറ്റ് ബുക്കിങ്ങുകളിലും യാത്രക്കാരന്റെ സാധുവായ ഇമെയിൽ വിലാസവും രാജ്യത്തിന്റെ കോഡ് ഉൾപ്പെടെയുള്ള മൊബൈൽ ഫോൺ നമ്പറും നിർബന്ധമായും നൽകണമെന്ന് അധികൃതർ അറിയിച്ചു.

ബുക്കിങ്ങിൽ നൽകുന്ന വിവരങ്ങൾ യാത്രക്കാരന്റേതോ അല്ലെങ്കിൽ ബന്ധപ്പെടാവുന്ന വ്യക്തമായ വിവരങ്ങളോ ആയിരിക്കണം. ട്രാവൽ ഏജൻസികൾക്ക് അവരുടെ വിവരങ്ങൾ പകരം നൽകാൻ അനുവാദമില്ല. ഏജൻസികൾ വഴി ബുക്ക് ചെയ്യുമ്പോൾ വിവരങ്ങൾ വൈകുന്നത് ഒഴിവാക്കാനും, എസ്എംഎസ്, വാട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴി യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടാനും പുതിയ തീരുമാനം സഹായിക്കും.

തെറ്റായ കണ്ട്രി കോഡുകൾ, പ്രവർത്തനരഹിതമായ ഇമെയിലുകൾ എന്നിവ നൽകിയാൽ പ്രധാന അറിയിപ്പുകൾ ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്നും ഒമാൻ എയർ ഓർമ്മിപ്പിച്ചു. വിമാനം വൈകൽ, സമയമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ പുതിയ നടപടി ഉപകരിക്കും.