ഫോൺപേ യു.എ.ഇയിലേക്ക്: രണ്ട് പേയ്മെന്റ് ലൈസൻസുകൾക്ക് അനുമതി ലഭിച്ചു
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സേവനദാതാക്കളായ ഫോൺപേ യു.എ.ഇ വിപണിയിലേക്ക് ചുവടുവെക്കുന്നു. പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്കിൽ നിന്ന് രണ്ട് പേയ്മെന്റ് ലൈസൻസുകൾക്കായി കമ്പനിക്ക് തത്വത്തിൽ അനുമതി ലഭിച്ചു. പ്രാഥമിക റെഗുലേറ്ററി പരിശോധനകൾ വിജയകരമായി പൂർത്തിയായതോടെയാണിത്.
റീട്ടെയ്ൽ പേയ്മെന്റ് സർവീസസ് ആൻഡ് കാർഡ് സ്കീംസ് ലൈസൻസ്, സ്റ്റോർഡ് വാല്യൂ ഫെസിലിറ്റീസ് ലൈസൻസ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിലവിൽ തത്വത്തിലുള്ള അംഗീകാരം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നതിനാൽ യു.എ.ഇയിൽ വാണിജ്യ സേവനങ്ങൾ ആരംഭിക്കാൻ കമ്പനിക്ക് അനുവാദമില്ല. അന്തിമ ലൈസൻസ് കരസ്ഥമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചു. അന്തിമ അനുമതി ലഭിക്കുന്നതോടെ പ്രാദേശിക ബാങ്കുകൾ, ലൈസൻസുള്ള പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ, സാങ്കേതിക കമ്പനികൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. കൂടാതെ, തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് യു.എ.ഇയുടെ ആഭ്യന്തര പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളായ 'ആനി', 'ജയ്‌വാൻ' എന്നിവയ്ക്ക് പിന്തുണ നൽകാനുള്ള സാധ്യതകളും ഫോൺപേ പരിശോധിക്കുന്നുണ്ട്.
ഇന്ത്യയിൽ 70 കോടിയിലധികം ഉപയോക്താക്കളും അഞ്ചുകോടിയോളം വ്യാപാരികളും തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്ന് ഫോൺപേ വ്യക്തമാക്കുന്നു. യു.എ.ഇയുടെ സാമ്പത്തിക നയങ്ങൾ തങ്ങളുടെ അന്താരാഷ്ട്ര വളർച്ചയ്ക്ക് മികച്ച അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് ഫോൺപേ ഇന്റർനാഷണൽ പേയ്മെന്റ്സ് സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റിതേഷ് പായ് പറഞ്ഞു.
