ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമൂസ് കപ്പൽ ഗതാഗതവും ചർച്ച ചെയ്തു
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ക്ഷണിച്ചു. മസൂദ് പെസെഷ്‌കിയനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടയിലാണ് പ്രധാനമന്ത്രി ക്ഷണം കൈമാറിയത്. സെപ്റ്റംബറിൽ നടക്കുന്ന ഈ കൂടിക്കാഴ്ച അംഗരാജ്യങ്ങൾ തമ്മിലുള്ള ബഹുമുഖ സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ വേർപാടിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം ഇറാൻ പ്രസിഡന്റിനെ അറിയിച്ചു. ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനായി ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും രാജ്യാന്തര വ്യാപാരത്തിൽ നിർണായകമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതത്തിന്റെ പ്രാധാന്യവും മോദി സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ സുസ്ഥിരമായ നിലപാട് അദ്ദേഹം ആവർത്തിച്ചു. സമാധാനവും പ്രാദേശിക സഹകരണവും ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി മോദി വഹിക്കുന്ന വ്യക്തിപരമായ പങ്കിനെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ അഭിനന്ദിക്കുകയും ചെയ്തു.
