പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഒമാനിൽ എത്തും; ത്രിരാഷ്ട്ര പര്യടനത്തിന് സമാപനം
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഡിസംബർ 17) രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ എത്തും. മൂന്ന് രാജ്യങ്ങൾ ഉൾപ്പെടുന്ന പര്യടനത്തിന്റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി ഒമാനിലെത്തുന്നത്. ഇന്നലെ ജോർദാൻ സന്ദർശിച്ച മോദി, ഇന്ന് ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്പ്യയിലും പര്യടനം നടത്തും.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഡിസംബർ 18ന് ഇന്ത്യൻ പ്രവാസി സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ 70 വർഷം പൂർത്തിയാകുന്ന വേളയിലാണ് പ്രധാനമന്ത്രി മോദിയുടെ ഈ സന്ദർശനം. പ്രധാനമന്ത്രിയുടെ ഒമാനിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്.
