എ.ഐ സാങ്കേതികവിദ്യയ്ക്ക് മുൻഗണന; അബുദാബിയിൽ ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവലിന് തുടക്കമായി
മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-വിനോദ മേളയായ ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവലിന് അൽ വത്ബയിൽ തുടക്കമായി. നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്ക് മുൻഗണന നൽകുന്ന മേള ഓഗസ്റ്റ് 23 വരെ നീണ്ടുനിൽക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ പൂർണ്ണമായും ശീതീകരിച്ച വേദികളിലായി 3,000-ത്തിലധികം പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 6 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള മേളയിൽ മുപ്പതിലധികം പ്രമുഖ ദേശീയ, കായിക, അക്കാദമിക് സംഘടനകൾ പങ്കാളികളാകുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റിയുടെ 'എ.ഐ ആൻഡ് ഇന്നൊവേഷൻ വേൾഡ്' പവലിയൻ, ഡ്രോൺ സാങ്കേതികവിദ്യ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയിലെ പരിശീലന ക്ലാസുകൾ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. ഇതിന് പുറമെ വിവിധ കായിക ഇനങ്ങൾ, ഇൻഡോർ ഐസ് സ്കേറ്റിങ്, പരമ്പരാഗത കരകൗശല വസ്തുക്കളും തനത് വിഭവങ്ങളും പരിചയപ്പെടുത്തുന്ന പൈതൃക പവലിയനുകൾ എന്നിവയും മേളയിലുണ്ട്.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വേദിയിലേക്ക് സൗജന്യ ബസ് സർവീസുകളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും.
