ഇസ്രായേൽ-ലെബനൻ ചർച്ചകൾക്ക് പുരോഗതി
ഇസ്രായേലും ലെബനനും തമ്മിലുള്ള മൂന്നാം ഘട്ട സമാധാന ചർച്ചകൾ പൂർത്തിയായി. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ വ്യാഴാഴ്ച നടന്ന ചർച്ച എട്ട് മണിക്കൂറിലധികം നീണ്ടു. ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും ക്രിയാത്മകമായിരുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ അറിയിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വെള്ളിയാഴ്ച വീണ്ടും ചർച്ചകൾക്കായി യോഗം ചേരും.
അമേരിക്കയ്ക്ക് വേണ്ടി ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഉപദേശകൻ മൈക്കിൾ നീധാം, ലെബനനിലെ യുഎസ് അംബാസഡർ മൈക്കിൾ ഇസ എന്നിവരായിരുന്നു. അമേരിക്കയിലെ ഇസ്രായേൽ അംബാസഡർ യെഹീൽ ലെയ്റ്ററാണ് ഇസ്രായേൽ സംഘത്തെ നയിച്ചത്. അദ്ദേഹത്തോടൊപ്പം ഐഡിഎഫ് സ്ട്രാറ്റജി വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അമിചായ് ലെവിൻ, ദേശീയ സുരക്ഷാ കൗൺസിൽ പ്രതിനിധി, വാഷിംഗ്ടണിലെ ഇസ്രായേലി മിലിട്ടറി അറ്റാഷെ എന്നിവരും ഉണ്ടായിരുന്നു. ലെബനൻ്റെ മുൻ യുഎസ് അംബാസഡർ സൈമൺ കരം, ഇപ്പോഴത്തെ അംബാസഡർ നാദ ഹമദെ മൗവാദ്, വാഷിംഗ്ടണിലെ ലെബനൻ മിലിട്ടറി അറ്റാഷെ എന്നിവരാണ് ലെബനൻ സംഘത്തിലുണ്ടായിരുന്നത്.
