അറേബ്യൻ ഗൾഫിൽ ഖത്തറിന്റെ എൽ.എൻ.ജി കപ്പലിനു നേരെ പ്രൊജക്‌ടൈൽ ആക്രമണം
അറേബ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ എൽ.എൻ.ജി (LNG) കപ്പലിനു നേരെ ആക്രമണം. ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയായ 'നഖിലാത്തി'ന്റെ (Nakilat) ഉടമസ്ഥതയിലുള്ള 'ആൽ മയാദ' (Al Mayada) എൽ.എൻ.ജി കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇറാന്റെ ഉടമസ്ഥതയിലുള്ള ലവാൻ ദ്വീപിന്റെ (Lavan Island) തെക്കുഭാഗത്തുനിന്നും 74 കിലോമീറ്റർ അകലെവെച്ചാണ് കപ്പലിനുനേരെ പ്രൊജക്‌ടൈൽ പതിച്ചത്. ആക്രമണത്തിൽ എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പൽ നിലവിൽ പൂർണ്ണമായും സുരക്ഷിതവും പ്രവർത്തനക്ഷമവുമാണെന്ന് കമ്പനി അറിയിച്ചു.
സംഭവത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദമായ വിലയിരുത്തലുകൾ നടക്കുകയാണെന്ന് ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി പുറപ്പെടുവിച്ച പ്രസ്താവനയിൽ നഖിലാത്ത് വ്യക്തമാക്കി. മേഖലയിലെ കടൽപ്പാതകളിൽ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
