വെടിനിർത്തൽ കരാറിനിടയിലും ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണം; ഇറാനെതിരെ ഖത്തർ

  1. Home
  2. International

വെടിനിർത്തൽ കരാറിനിടയിലും ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണം; ഇറാനെതിരെ ഖത്തർ

hormuz


യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന വെടിനിർത്തൽ കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ, അന്താരാഷ്ട്ര ഇന്ധന വിപണിയെയും കപ്പൽ ഗതാഗതത്തെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ വീണ്ടും വൻ ഇന്ധന ടാങ്കർ ആക്രമണം. 24 മണിക്കൂറിനുള്ളിൽ മൂന്ന് കപ്പലുകൾക്ക് നേരെയാണ് പ്രൊജക്റ്റൈൽ ആക്രമണമുണ്ടായത്. പേർഷ്യൻ ഗൾഫിന്റെ ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ നീങ്ങുകയായിരുന്ന രണ്ട് കപ്പലുകൾക്ക് നേരെ ആദ്യം ആക്രമണമുണ്ടാവുകയും, അതിന് പിന്നാലെ മൂന്നാമതൊരു ടാങ്കറിന് നേരെക്കൂടി ഡ്രോൺ ആക്രമണം ഉണ്ടായതായും യുകെ മാരിടൈം ഏജൻസി (UKMTO) റിപ്പോർട്ട് ചെയ്തു. അജ്ഞാത ഡ്രോൺ ഇടിച്ചുണ്ടായ ആക്രമണത്തിൽ മൂന്നാമത്തെ ടാങ്കറിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ പരിസ്ഥിതി ആഘാതമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാൻ തീരത്തുവെച്ച് ആക്രമിക്കപ്പെട്ട ആദ്യത്തെ ടാങ്കറുകളിൽ ഒന്നിന് തീപിടിച്ചിരുന്നു. രണ്ടാമത്തെ ടാങ്കറിനും ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഖത്തറിന്റെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ടാങ്കറായ അൽ റെക്കയ്യാത്ത് കടലിടുക്കിൽ വെച്ച് ആക്രമിക്കപ്പെട്ടത് അന്താരാഷ്ട്ര നാവിക ഗതാഗതത്തിനും ആഗോള ഊർജ്ജ സുരക്ഷയ്ക്കും നേരെയുള്ള അസ്വീകാര്യമായ കടന്നുകയറ്റമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജെദ് അൽ അൻസാരി പ്രതികരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും, ആക്രമണത്തിന്റെ പൂർണ്ണമായ നിയമപരമായ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. അതേസമയം, ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് ടാങ്കറിന് നേരെ ആക്രമണം ഉണ്ടായതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കിയെങ്കിലും, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.

തങ്ങൾ അംഗീകരിക്കുന്ന റൂട്ടുകളിലൂടെ മാത്രം സഞ്ചരിക്കുന്ന കപ്പലുകൾക്ക് മാത്രമേ ഹോർമുസ് കടലിടുക്കിൽ സുരക്ഷയുണ്ടാകൂ എന്ന് കഴിഞ്ഞ വ്യാഴാഴ്ച ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഒമാൻ തീരത്ത് നിന്നും ഹോർമുസ് കടലിടുക്ക് ലക്ഷ്യമാക്കി വന്ന പല കപ്പലുകളും ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന് യു-ടേൺ അടിച്ചു പോവുകയാണ്. കടലിടുക്കിൽ യുഎസ് സൈന്യം ഇടപെട്ടാൽ അതിന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ഇറാൻ പ്രസ്താവിച്ചിരുന്നു. വെടിനിർത്തൽ കരാർ ഒപ്പിട്ടതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഇരുനൂറിലധികം കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയതായി യുകെ മാരിടൈം ഏജൻസി വ്യക്തമാക്കുന്നുണ്ടെങ്കിലും മേഖലയിലെ സുരക്ഷാ ഭീഷണി ഇപ്പോഴും ശക്തമായി തുടരുകയാണ്. അടുത്തിടെ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മാത്രമേ യുഎസും ഇറാനും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.