'ആകാശത്ത് മിസൈലുകൾ പായുമ്പോൾ വാഗ്ദാനങ്ങൾ സംരക്ഷിക്കില്ല'; ഇറാനെതിരെ നിലപാട് കടുപ്പിച്ച് യു.എ.ഇ
ഇറാന്റെ വാഗ്ദാനങ്ങൾക്കും ഉറപ്പുകൾക്കും ഇനി യാതൊരു വിലയുമില്ലെന്ന് വ്യക്തമാക്കി യു.എ.ഇ. ജി.സി.സി രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, കൃത്യമായി പരിശോധിച്ചുറപ്പിക്കാൻ കഴിയുന്ന കർശനമായ സുരക്ഷാ കരാറുകൾ മാത്രമേ ഇനി അംഗീകരിക്കൂ എന്ന് അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ ദാഹിരി തുറന്നടിച്ചു.
ആയിരക്കണക്കിന് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കേണ്ടി വരുമ്പോൾ തന്ത്രപരമായ വാഗ്ദാനങ്ങൾ കൊണ്ട് പ്രയോജനമില്ലെന്നും, ഇറാന്റെ നിലപാടുകൾ വലിയ വിശ്വാസ തകർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എൻ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ പരമാധികാരവും പൊതുസ്വത്തുക്കളും സംരക്ഷിക്കാൻ യു.എ.ഇക്ക് പൂർണ അവകാശമുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായി നടക്കാനിരിക്കുന്ന എല്ലാ അന്താരാഷ്ട്ര നയതന്ത്ര ചർച്ചകളിലും ജി.സി.സി രാജ്യങ്ങളെ നേരിട്ട് പങ്കാളികളാക്കണം. ആണവ ശേഷി, ബാലിസ്റ്റിക് മിസൈലുകൾ, ദീർഘദൂര ഡ്രോണുകൾ, സമുദ്ര സുരക്ഷ എന്നിവയെല്ലാം വേവ്വേറെയല്ലാതെ ഒരൊറ്റ ചട്ടക്കൂടിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്നാണ് യു.എ.ഇ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.
