ഫ്രാന്സില് പ്രക്ഷോഭം തീവ്രമാകുന്നു; 143 വര്ഷം പഴക്കമുള്ള ലിമോസ് ടൗണ് ഹാള് തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്
ഫ്രാന്സില് കുത്തനെയുയര്ന്ന ജീവിതച്ചെലവിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള് കൂടുതല് അക്രമാസക്തമാകുന്നു. 143 വര്ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ലിമോസ് ടൗണ് ഹാള് പ്രതിഷേധക്കാര് തീയിട്ട് നശിപ്പിച്ചു. 1883-ല് നിര്മിച്ചതും 1975-ല് പൈതൃക സ്മാരകമായി പ്രഖ്യാപിച്ചതുമായ കെട്ടിടത്തിന്റെ മേല്ക്കൂര താഴത്തെ നിലകളിലേക്ക് ഇടിഞ്ഞുവീഴുകയും, മൂന്നില് രണ്ട് ഭാഗവും കത്തിനശിക്കുകയും ചെയ്തു. ഇത് പൈതൃകത്തിന് മേലുള്ള വലിയ ആഘാതമാണെന്ന് പ്രാദേശിക അധികാരികള് പ്രതികരിച്ചു.
വിലക്കയറ്റത്തിനെതിരെ ഫ്രാന്സിലുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങള്ക്കിടയിലാണ് വ്യാപക അക്രമങ്ങളുണ്ടായത്. പ്രക്ഷോഭം നാലാം വാരത്തിലേക്ക് കടക്കുമ്പോള്, പൊതുസ്ഥാപനങ്ങള്ക്കും വ്യാപാര സ്ഥാപനങ്ങള്ക്കും നേരെയുള്ള ആക്രമണങ്ങള് രൂക്ഷമായിരിക്കുകയാണ്. അക്രമങ്ങളെ പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് ശക്തമായി അപലപിച്ചു. റിപ്പബ്ലിക്കില് അക്രമങ്ങള്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും ടൗണ് ഹാളുകള് കൊള്ളയടിച്ചവരെ പിടികൂടി തക്കതായ ശിക്ഷ നല്കുമെന്നും അദ്ദേഹം എക്സില് കുറിച്ചു.
ഫ്രാന്സില് നൂറിലേറെ റാലികളിലായി അഞ്ച് ലക്ഷത്തോളം ആളുകള് പങ്കെടുത്ത പ്രതിഷേധത്തിനിടയില് ശനിയാഴ്ച മാത്രം 400 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറന്റ് ന്യൂസ് അറിയിച്ചു. ലില്ലെ, കലൈസ്, ബ്രെസ്റ്റ് തുടങ്ങിയ നഗരങ്ങളില് മുഖംമൂടി ധരിച്ചെത്തിയ തീവ്ര ഗ്രൂപ്പുകള് ടൗണ് ഹാളുകളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും അതിക്രമിച്ചു കയറാൻ ശ്രമിച്ചു. പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കില് അക്രമികളെ പിരിച്ചുവിടാന് പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
