യുകെയിൽ പഞ്ചാബ് സ്വദേശി കുത്തേറ്റ് മരിച്ച സംഭവം; ഇന്ത്യൻ വംശജനെതിരെ കൊലക്കുറ്റം ചുമത്തി

  1. Home
  2. International

യുകെയിൽ പഞ്ചാബ് സ്വദേശി കുത്തേറ്റ് മരിച്ച സംഭവം; ഇന്ത്യൻ വംശജനെതിരെ കൊലക്കുറ്റം ചുമത്തി

uk murder


യുകെയിലെ വെസ്റ്റ് ലണ്ടനിലെ സൗത്ത്‌ഹാളിൽ പഞ്ചാബ് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 20 കാരനായ ഇന്ത്യൻ വംശജനെതിരെ കൊലക്കുറ്റം ചുമത്തി. പഞ്ചാബ് സ്വദേശിയായ ഗുർഭേജ് സിങ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത്‌ഹാളിൽ താമസിക്കുന്ന നവ്‌ജോത് സിങ് (20) എന്ന യുവാവിനെ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 10-ന് പുലർച്ചെ സൗത്ത്‌ഹാളിലെ നോർത്ത് റോഡിന് സമീപം കത്തിക്കുത്ത് നടന്നെന്ന വിവരത്തെ തുടർന്ന് പൊലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുർഭേജ് സിങ്ങിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. നാല് വർഷം മുൻപാണ് ഇയാൾ യുകെയിലെത്തിയത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ജസ്വിന്ദർ സിങ് (30) എന്നയാൾക്കും പരിക്കേറ്റിരുന്നെങ്കിലും ചികിത്സയ്ക്ക് ശേഷം ഇയാൾ ആശുപത്രി വിട്ടു.

കൊലപാതകം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, മാരകായുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് പ്രതി നവ്‌ജോത് സിങ്ങിനെതിരെ ചുമത്തിയിട്ടുള്ളത്. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ ജൂൺ 22-ന് ഓൾഡ് ബെയ്ലി കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം കസ്റ്റഡിയിലെടുത്ത ഏഴുപേരിൽ ആറുപേരെ പൊലീസ് വിട്ടയച്ചു. ഒരാൾ ജാമ്യത്തിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഗുർഭേജ് സിങ്ങിന്റെ കുടുംബത്തിന് പ്രത്യേക പൊലീസ് സംഘത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.