ഖത്തർ എയർവേയ്‌സ് ഭാഗികമായി സർവീസ് പുനരാരംഭിച്ചു; പ്രത്യേക വിമാനങ്ങൾ മസ്കത്തിൽ നിന്നും റിയാദിൽ നിന്നും
മേഖലയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിച്ചു. മസ്കത്ത്, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക സർവീസുകളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും വ്യോമപാതകൾ താൽക്കാലികമായി അടച്ചതിനെത്തുടർന്ന് യാത്രക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഈ നീക്കം.
മസ്കത്തിൽ നിന്ന് ലണ്ടൻ, ബെർലിൻ, കോപ്പൻഹേഗൻ, മാഡ്രിഡ്, റോം, ആംസ്റ്റർഡാം എന്നീ ആറ് പ്രധാന നഗരങ്ങളിലേക്കും, റിയാദിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുമാണ് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുക. വ്യോമപാത അടച്ചതോടെ ആയിരക്കണക്കിന് ട്രാൻസിറ്റ് യാത്രക്കാരാണ് നിലവിൽ ദോഹയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനാണ് മുൻഗണന.
സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ അധികൃതരുടെ സുരക്ഷാ പരിശോധനകൾ തുടരുകയാണ്. വ്യോമപാത പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. ഇതുസംബന്ധിച്ച കൂടുതൽ അറിയിപ്പുകൾ വെള്ളിയാഴ്ച ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും പുതിയ യാത്രാക്രമീകരണങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു.
