ദോഹ-അബൂദബി സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേസ്; യുഎഇയിലേക്കുള്ള വിമാനങ്ങൾ മടങ്ങിയെത്തുന്നു
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദോഹ-അബൂദബി സർവീസുകൾ ഖത്തർ എയർവേസ് പുനരാരംഭിച്ചു. അബൂദബിക്ക് പുറമെ ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിച്ചതായി എയർവേസ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ യുഎഇയിലേക്കുള്ള ഖത്തർ എയർവേസ് സർവീസുകൾ പഴയ നിലയിലേക്ക് മടങ്ങുകയാണ്.
ഇസ്രായേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ചതും അതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും മേഖലയിലെ വ്യോമപാതകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഖത്തർ എയർവേസ് യുഎഇയിലേക്കുള്ള സർവീസുകൾ മുൻപ് റദ്ദാക്കിയത്. നിലവിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെയാണ് സർവീസുകൾ വീണ്ടും തുടങ്ങിയത്.
പ്രതിദിനം രണ്ട് സർവീസുകൾ വീതമാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലുള്ള യാത്രക്കാർക്കും പ്രവാസികൾക്കും ഈ സർവീസുകൾ പുനരാരംഭിച്ചത് വലിയ ആശ്വാസമാകും.
