ഖത്തർ-ഇന്ത്യ വിദേശകാര്യ മന്ത്രാലയ യോഗം: ആറാം ഘട്ട ചർച്ചകൾ ന്യൂഡൽഹിയിൽ നടന്നു
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും നയതന്ത്ര ബന്ധങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആറാം ഘട്ട വിദേശകാര്യ മന്ത്രാലയതല കൂടിയാലോചനകൾ ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സി.പി.വി & ഒ.ഐ.എ) ശ്രീപ്രിയ രംഗനാഥനും ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയും യോഗത്തിൽ സംയുക്തമായി അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, കോൺസുലർ കാര്യങ്ങൾ തുടങ്ങിയ മേഖലകളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ചയിൽ വിഷയമായി. ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ അൽ ജാബിർ, ഖത്തർ വിദേശകാര്യ മന്ത്രാലയ ഏഷ്യൻ അഫയേഴ്സ് വകുപ്പ് ഡയറക്ടർ അൽ ജോഹറ ഫഖ്‌റൂ എന്നിവരും ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം പങ്കെടുത്തു. അടുത്ത ഘട്ട ചർച്ചകൾ ഖത്തറിലെ ദോഹയിൽ വെച്ച് നടക്കും.
