ഊർജ്ജ മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കാൻ ഖത്തറും സൗദി അറേബ്യയും; സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഊർജ്ജ മേഖലയിൽ സംയുക്ത സഹകരണത്തിനായുള്ള സമഗ്ര ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി ഖത്തറും സൗദി അറേബ്യയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സൗദി അറേബ്യയിൽ നടന്നുവരുന്ന 'റിയാദ് എനർജി വീക്കി'ന്റെ ഭാഗമായ 17-ാമത് ഇന്റർനാഷണൽ എനർജി ഫോറം മന്ത്രിതല യോഗത്തിനിടയിലാണ് ഈ സുപ്രധാന നീക്കം. ഖത്തർ ഊർജ്ജ സഹമന്ത്രി എഞ്ചിനീയർ സഅദ് ബിൻ ഷെരീദ അൽ കഅബിയും സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
എണ്ണ, ഗ്യാസ്, പെട്രോകെമിക്കൽസ്, വൈദ്യുതി മേഖലകളിലെ സഹകരണത്തിനൊപ്പം ക്ലീൻ ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം, ഊർജ്ജ സംഭരണം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കാൻ കരാർ ലക്ഷ്യമിടുന്നു. കൂടാതെ, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുമുള്ള സാങ്കേതിക പങ്കാളിത്തവും, ആഗോള ഊർജ്ജ വേദികളിലെ സംയുക്ത ഏകോപനവും ധാരണാപത്രത്തിൽ ഉൾപ്പെടുന്നു. ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാകുന്നതോടെ കരാർ നിലവിൽവരും.
