ഗാസയിലേക്ക് 13 ലക്ഷം ലിറ്റർ ഇന്ധനം എത്തിക്കാൻ ഖത്തറും യു.എന്നും കരാർ ഒപ്പുവെച്ചു
ഗാസയിലെ ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി 13 ലക്ഷം ലിറ്റർ ഇന്ധനം നൽകാൻ ഖത്തറും ഐക്യരാഷ്ട്രസഭയും ധാരണയായി. ഇതുസംബന്ധിച്ച കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഖത്തർ നൽകിവരുന്ന തുടർച്ചയായ സഹായങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ധനക്ഷാമം രൂക്ഷമായ ഗാസയിലെ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും കുടിവെള്ള വിതരണത്തിനുമായി ഉപയോഗിക്കുന്ന ഈ പദ്ധതി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 21 ലക്ഷം പലസ്തീനികൾക്ക് ആശ്വാസമാകും.
നേരത്തെ 2023 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 300 ലക്ഷം ലിറ്റർ ഇന്ധനം ഖത്തർ ഗാസയിലേക്ക് എത്തിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് പിന്തുണ തുടരുമെന്നും അധികൃതർ അറിയിച്ചു.
