യുഎഇക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി ഖത്തർ
യുഎഇക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഖത്തർ. വിഷയത്തിൽ ഖത്തർ അമീർ യുഎഇ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഖത്തറിന്റെ ഐക്യദാർഢ്യം അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള സംഭാഷണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി വ്യക്തമാക്കി.
ഇറാൻ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അമീർ പൂർണ്ണ പിന്തുണ ഉറപ്പുനൽകി. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ആക്രമണം യുഎഇയുടെ പരമാധികാരത്തിനും മേഖലയിലെ സുരക്ഷയ്ക്കും നേരെയുള്ള കടന്നുകയറ്റമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയവും പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച മന്ത്രാലയം യുഎഇയോടുള്ള ഐക്യദാർഢ്യം ആവർത്തിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
