പാകിസ്താൻ പൗരന്മാർക്ക് ഓൺ അറൈവൽ വിസ നിഷേധിച്ച് ഖത്തർ

  1. Home
  2. International

പാകിസ്താൻ പൗരന്മാർക്ക് ഓൺ അറൈവൽ വിസ നിഷേധിച്ച് ഖത്തർ

p


പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം കണക്കിലെടുത്ത് പാകിസ്താൻ പൗരന്മാർക്ക് നൽകിവന്നിരുന്ന 'വിസ ഓൺ അറൈവൽ' സൗകര്യം ഖത്തർ താൽക്കാലികമായി നിർത്തിവെച്ചു. ദോഹയിലെ പാകിസ്താൻ എംബസിയാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച പുതിയ യാത്രാ നിർദ്ദേശം (Travel Advisory) പുറപ്പെടുവിച്ചത്.

നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പാകിസ്താനിൽ നിന്നുള്ള യാത്രക്കാർ മുൻകൂട്ടി വിസ എടുക്കാതെ ഖത്തറിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് എംബസി അറിയിച്ചു. മതിയായ വിസയില്ലാതെ എത്തുന്നവർക്ക് ഇമിഗ്രേഷൻ കൗണ്ടറുകളിൽ പ്രവേശന വിലക്ക് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ യാത്രയ്ക്ക് മുൻപായി അംഗീകൃത വിസ കേന്ദ്രങ്ങൾ വഴിയോ ഖത്തർ അധികൃതർ വഴിയോ കൃത്യമായ വിസ നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്ന് അധികൃതർ സൂചിപ്പിച്ചു. ഖത്തറിലേക്ക് യാത്ര തിരിക്കുന്ന പാകിസ്താൻ പൗരന്മാർ ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ നിരന്തരം പരിശോധിക്കണമെന്നും എംബസി ഓർമ്മിപ്പിച്ചു. താൽക്കാലികമായ ഈ നിയന്ത്രണം എന്നുവരെ തുടരുമെന്ന കാര്യത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തത നൽകിയിട്ടില്ല.