ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത് ഖത്തർ

  1. Home
  2. International

ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്ത് ഖത്തർ

gaza


ഗസ്സയിലെ കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ സഹായഹസ്തവുമായി ഖത്തർ. ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഗസ്സയിലെ ദുരിതബാധിതർക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തത്. പുതപ്പുകൾ, ജാക്കറ്റുകൾ, കൈയുറകൾ, ഷൂ എന്നിവയടങ്ങുന്ന കിറ്റുകളാണ് നൂറുകണക്കിന് ആളുകൾക്ക് എത്തിച്ചുനൽകിയത്.

ഖത്തർ ചാരിറ്റിയുടെ 'വൺ ഹാർട്ട്', 'ഹൗ ലോങ്', റെഡ് ക്രസന്റിന്റെ 'ഇൻ സേഫ് ഹാൻഡ്‌സ്' തുടങ്ങിയ പദ്ധതികൾ വഴി സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് ഈ സഹായം എത്തിച്ചത്. വരും ദിവസങ്ങളിൽ ഗസ്സയിലെ താപനില എട്ടു മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ ഇടപെടൽ. തണുപ്പിന് പുറമെ വെള്ളപ്പൊക്കവും തകർന്ന കെട്ടിടങ്ങളും ഗസ്സയിലെ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നുണ്ട്.

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ 15 ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടമായെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇവർക്കായി 87,754 ടെന്റുകൾ ഖത്തർ നേരത്തെ വിതരണം ചെയ്തിരുന്നു. ഇതിന് പുറമെ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്ന പദ്ധതികളും ഖത്തറിന്റെ നേതൃത്വത്തിൽ ഗസ്സയിൽ സജീവമായി തുടരുകയാണ്.