ദുരന്തബാധിതരായ നേപ്പാൾ ജനതയ്ക്ക് കൈത്താങ്ങായി ഖത്തർ; അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു

  1. Home
  2. International

ദുരന്തബാധിതരായ നേപ്പാൾ ജനതയ്ക്ക് കൈത്താങ്ങായി ഖത്തർ; അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു

nepal


മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന നേപ്പാൾ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായങ്ങളുമായി ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി ഖത്തർ സായുധ സേനയുടെ ആദ്യ വിമാനം കാഠ്മണ്ഡുവിലെത്തി. പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ് അനുശോചനം രേഖപ്പെടുത്തുകയും നേപ്പാൾ വിദേശകാര്യ മന്ത്രി ശിഷിർ ഖനാലുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

ഏകദേശം 52,000 പേർക്ക് ഗുണകരമാകുന്ന ദുരിതാശ്വാസ പാക്കേജാണ് ഖത്തർ ഒരുക്കിയിരിക്കുന്നത്. വാട്ടർ പമ്പിങ് മെഷീനുകൾ, ലൈറ്റിങ് സംവിധാനങ്ങൾ, ഭക്ഷണവസ്തുക്കൾ, മൾട്ടി പർപ്പസ് ടെന്റുകൾ തുടങ്ങിയ അവശ്യവസ്തുക്കളാണ് ആദ്യഘട്ടത്തിൽ എത്തിച്ചിട്ടുള്ളത്. ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും ഫീൽഡ് തല രക്ഷാപ്രവർത്തനങ്ങൾക്കും പിന്തുണ നൽകാനുമായി ലഖ്‌വിയയുടെ കീഴിലുള്ള ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പും നേപ്പാളിൽ പ്രവർത്തിക്കുന്നുണ്ട്.

ലോകരാഷ്ട്രങ്ങളുമായി ചേർന്ന് പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും പുനരധിവാസം ഉറപ്പാക്കാനും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനായി നേപ്പാൾ അധികൃതരുമായി നിരന്തരം ഏകോപനം തുടരുമെന്നും ഖത്തർ അറിയിച്ചു.