മിഡിൽ ഈസ്റ്റിൽ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തർ; ഗ്ലോബൽ പീസ് ഇൻഡക്സിൽ ഒന്നാമത്

  1. Home
  2. International

മിഡിൽ ഈസ്റ്റിൽ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തർ; ഗ്ലോബൽ പീസ് ഇൻഡക്സിൽ ഒന്നാമത്

qatar


നിലവിലെ ആഗോള-പ്രാദേശിക പ്രതിസന്ധികൾക്കിടയിലും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ ഏറ്റവും സമാധാനവും സുരക്ഷിതത്വവുമുള്ള രാജ്യമായി ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു. 2026-ലെ ഗ്ലോബൽ പീസ് ഇൻഡക്സിലാണ് (ആഗോള സമാധാന സൂചിക) ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഖത്തർ നാഷണൽ പ്ലാനിങ് കൗൺസിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മേഖലയിലെ ഏറ്റവും സുസ്ഥിരവും സുരക്ഷിതവുമായ രാജ്യങ്ങളിലൊന്നെന്ന ഖത്തറിന്റെ പദവി ഉറപ്പിക്കുന്നതാണ് ഈ നേട്ടം.

സാമൂഹിക സുരക്ഷിതത്വത്തിലും ക്രമസമാധാന പാലനത്തിലും ഖത്തർ വലിയ പുരോഗതി കൈവരിച്ചതായി സൂചിക വ്യക്തമാക്കുന്നു. സമാധാന സൂചികയിലെ ഖത്തറിന്റെ സ്കോർ മുൻ വർഷത്തെ 1.400-ൽ നിന്ന് 2026-ൽ 1.369 ആയി മെച്ചപ്പെട്ടു (സൂചികയിൽ സ്കോർ കുറയുന്നത് കൂടുതൽ സമാധാന അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്). രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളുടെ കാര്യക്ഷമതയും സാമൂഹിക ഐക്യവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കൗൺസിൽ അറിയിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് വർഷം തോറും പുറത്തുവിടുന്നതാണ് ഗ്ലോബൽ പീസ് ഇൻഡക്സ്. രാജ്യങ്ങളിലെ സാമൂഹിക സുരക്ഷ, രാഷ്ട്രീയ സാഹചര്യം, സുസ്ഥിര വികസനം, നിക്ഷേപ അന്തരീക്ഷം, ജനങ്ങളുടെ ജീവിതനിലവാരം തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.