അമേരിക്കയുടെ പാക്‌സ് സിലിക്ക സഖ്യത്തിൽ ഖത്തറും അംഗമായി

  1. Home
  2. International

അമേരിക്കയുടെ പാക്‌സ് സിലിക്ക സഖ്യത്തിൽ ഖത്തറും അംഗമായി

QATAR


ആഗോള സാമ്പത്തിക-സാങ്കേതിക സുരക്ഷ ലക്ഷ്യമിട്ട് അമേരിക്ക രൂപം നൽകിയ തന്ത്രപ്രധാന സഖ്യമായ ‘പാക്‌സ് സിലിക്ക’യിൽ (Pax Silica) ഖത്തർ ഒപ്പുവെച്ചു. യുഎസ് സാമ്പത്തികകാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബർഗിന്റെ ദോഹ സന്ദർശനത്തിനിടെയാണ് ഖത്തർ ഈ നിർണ്ണായക കൂട്ടായ്മയുടെ ഭാഗമായത്. സെമി കണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അപൂർവ മൂലകങ്ങൾ എന്നിവയുടെ ലഭ്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സഖ്യം.

ഖത്തർ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി അഹ്‌മദ് ബിൻ മുഹമ്മദ് അൽ സഈദും ജേക്കബ് ഹെൽബർഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്. ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ബ്രിട്ടൻ, ആസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ നിലവിൽ ഈ സഖ്യത്തിലുണ്ട്. ആഗോള സാമ്പത്തിക വളർച്ചയുടെ അടുത്ത ഘട്ടത്തെ നയിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഖത്തറിനെ ഉയർത്താൻ ഈ കരാർ സഹായിക്കുമെന്ന് യുഎസ് പ്രതികരിച്ചു.

സമ്പദ്‌വ്യവസ്ഥയെ ഹൈഡ്രോകാർബൺ (എണ്ണ, വാതകം) ഇതര മേഖലകളിലേക്ക് വൈവിധ്യവൽക്കരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് ഈ സഖ്യം വലിയ ഊർജ്ജമാകും. ചിപ്പ് നിർമ്മാണം, എഐ ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ വ്യാപാര ഇടനാഴികൾ എന്നീ മേഖലകളിൽ ഖത്തറിന് പുതിയ നിക്ഷേപങ്ങളും സാങ്കേതിക സഹായങ്ങളും ലഭിക്കാൻ ഇതിലൂടെ വഴിതുറക്കും. വെറുമൊരു നയതന്ത്ര ഉടമ്പടിയല്ല, മറിച്ച് സാമ്പത്തിക സുരക്ഷ മുൻനിർത്തിയുള്ള പ്രായോഗിക രേഖയാണ് 'സിലിക്കൺ ഡിക്ലറേഷൻ' എന്ന് യുഎസ് വ്യക്തമാക്കി.