ഖത്തറിൽ നികുതി റീഫണ്ട് വാഗ്ദാനം; വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ജനറൽ ടാക്സ് അതോറിറ്റി
നികുതി റീഫണ്ട് തുക നൽകാമെന്നും ഡാറ്റ അപ്‌ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഖത്തറിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ജനറൽ ടാക്സ് അതോറിറ്റി. റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി ലിങ്കുകൾ ഉൾപ്പെടുത്തിയ ഇമെയിലുകളും ടെക്സ്റ്റ് മെസേജുകളും അയച്ച് ആളുകളെ കബളിപ്പിക്കുന്ന രീതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകിയത്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ, വ്യക്തിഗത വിവരങ്ങളും നികുതി സംബന്ധിച്ച രേഖകളും കൈമാറാനോ പാടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. നികുതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കായി 'ദരീബ' (Dhareeba) ടാക്സ് പോർട്ടലിനെ മാത്രമേ ആശ്രയിക്കാവൂ എന്നും നിർദ്ദേശമുണ്ട്.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടനടി ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്നും ജനറൽ ടാക്സ് അതോറിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക മാർഗങ്ങളിലൂടെ വരുന്ന അറിയിപ്പുകൾക്ക് മാത്രം മറുപടി നൽകുക.
