ബലിപെരുന്നാൾ വരവേൽക്കാൻ ഖത്തർ ഒരുങ്ങി; കടുത്ത നിയന്ത്രണങ്ങളും പരിശോധനകളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

  1. Home
  2. International

ബലിപെരുന്നാൾ വരവേൽക്കാൻ ഖത്തർ ഒരുങ്ങി; കടുത്ത നിയന്ത്രണങ്ങളും പരിശോധനകളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

qatar


ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. പെരുന്നാൾ അവധി ദിനങ്ങളിൽ പൊതുജനങ്ങൾക്ക് വിപണിയിൽ നിന്ന് ലഭ്യമാകുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനായി രാജ്യമുടനീളം പരിശോധനകൾ കർശനമാക്കി.

സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ പൊതുജനങ്ങൾക്ക് പെരുന്നാൾ ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഹെൽത്ത് ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഫീൽഡ് പരിശോധനകൾക്ക് തുടക്കമായി. രാജ്യത്തെ പ്രമുഖ റെസ്റ്ററന്റുകൾ, ബേക്കറികൾ, മിഠായി തെരുവുകൾ, ഇറച്ചി-മത്സ്യ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ റെയ്ഡുകളും പരിശോധനകളും പുരോഗമിക്കുന്നത്.

അറവുശാലകളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം; അനധികൃത ബലിക്ക് വിലക്ക്

ബലിമൃഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ വിവിധ അറവുശാലകളിൽ കൂടുതൽ വെറ്ററിനറി ഡോക്ടർമാരെയും ഇൻസ്പെക്ടർമാരെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. പെരുന്നാൾ ദിനങ്ങളിൽ 24 മണിക്കൂറും ഇവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ അറവുശാലകളിൽ സേവനമനുഷ്ഠിക്കും. മൃഗങ്ങളെ ബലി അറുക്കുന്നതിന് മുൻപും ശേഷവും കർശനമായ പരിശോധനകൾ നടത്തി അവയ്ക്ക് രോഗങ്ങളില്ലെന്നും മാംസം പൂർണ്ണമായും ഭക്ഷ്യയോഗ്യമാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തും.

ഇതോടൊപ്പം, പൊതുജനങ്ങൾക്ക് ആരോഗ്യമുള്ള ബലിമൃഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് കൃത്യമായ ബോധവൽക്കരണ കാമ്പയിനും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പകർച്ചവ്യാധികളും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ സർക്കാർ ലൈസൻസുള്ള ഔദ്യോഗിക അറവുശാലകളിൽ മാത്രം ബലി കർമ്മങ്ങൾ നടത്തണമെന്നും പൊതുസ്ഥലങ്ങളിലെ അനധികൃത കശാപ്പുകൾ പാടില്ലെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

പെരുന്നാൾ നമസ്കാരം നടക്കുന്ന പ്രധാന ഈദ് ഗാഹുകൾ, പള്ളികൾ, പൊതു വിപണികൾ, ജനവാസ കേന്ദ്രങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ തോതിൽ ശുചീകരണവും അണുനശീകരണ (Sanitization) പ്രവർത്തനങ്ങളും നടത്തിവരികയാണ്. നഗരസഭകളുടെ പ്രത്യേക അനുമതിയില്ലാതെ റോഡരികുകളിലും മറ്റും താൽക്കാലിക പരസ്യബോർഡുകളോ കമാനങ്ങളോ സ്ഥാപിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. പെരുന്നാൾ അവധി ആഘോഷിക്കാൻ കുടുംബങ്ങൾ വൻതോതിൽ എത്തുന്ന രാജ്യത്തെ പ്രമുഖ പാർക്കുകൾ, ബീച്ചുകൾ, കോർണിഷ് ഉൾപ്പെടെയുള്ള മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെ അറ്റകുറ്റപ്പണികളും ലൈറ്റിംഗ് ക്രമീകരണങ്ങളും ഇതിനോടകം പൂർത്തിയാക്കിയതായും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.