ദൈനംദിന എ.ഐ ഉപയോഗം: ലോകത്ത് ആദ്യ പത്തിൽ ഇടംപിടിച്ച് ഖത്തർ

  1. Home
  2. International

ദൈനംദിന എ.ഐ ഉപയോഗം: ലോകത്ത് ആദ്യ പത്തിൽ ഇടംപിടിച്ച് ഖത്തർ

ai


ദൈനംദിന ജീവിതത്തിൽ നിർമ്മിത ബുദ്ധി (AI) പ്രായോഗികമായി ഉപയോഗിക്കുന്നതിൽ ലോകത്തെ മികച്ച പത്ത് രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയെന്ന് മൈക്രോസോഫ്റ്റിന്റെ 2026 ഒന്നാം പാദ റിപ്പോർട്ട്. സാങ്കേതിക വികസനത്തിൽ വലിയ മുന്നേറ്റം നടത്തുന്ന ഖത്തറിന്റെ എ.ഐ വിപണി മൂല്യം 2026ൽ 59 ദശലക്ഷം ഡോളറിലെത്തി. 2022-ലെ 31 ദശലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ വിപണി ഏകദേശം ഇരട്ടിയോളമാണ് വർദ്ധിച്ചിരിക്കുന്നത്. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായി നിർമ്മാണം, ഊർജ്ജം, പൊതുഭരണം തുടങ്ങിയ വിവിധ സുപ്രധാന മേഖലകളിൽ രാജ്യം നടത്തുന്ന തന്ത്രപരമായ നിക്ഷേപങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ.

വിദ്യാഭ്യാസം, നൈപുണ്യ വികസനം, നൈതികത, ഭരണം, ഗവേഷണം, ഡാറ്റാ മാനേജ്മെന്റ് എന്നീ ആറ് പ്രധാന തൂണുകളിൽ അധിഷ്ഠിതമായാണ് ഖത്തറിന്റെ എ.ഐ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമ്മിത ബുദ്ധിയെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിൽ ഖത്തർ ഫൗണ്ടേഷൻ, ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങൾ മുൻപന്തിയിലുണ്ട്. ഈ വർഷം നടന്ന വെബ് സമ്മിറ്റിൽ, എ.ഐ വികസനത്തിനും പ്രാദേശിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമുള്ള പ്രത്യേക കേന്ദ്രം സ്ഥാപിക്കാനായി ഖത്തർ ഫൗണ്ടേഷൻ പ്രമുഖ കമ്പനിയായ ‘സ്കെയിൽ എ.ഐ’യുമായി (Scale AI) ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. കൂടാതെ പിവൈസി (PwC) മിഡിൽ ഈസ്റ്റ്, ഓപ്പൺ എ.ഐ (OpenAI) തുടങ്ങിയ ആഗോള പ്രമുഖരുമായും ഖത്തർ വാർത്താവിനിമയ മന്ത്രാലയം സഹകരണ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.

നിർമ്മിത ബുദ്ധിയുടെ പൂർണ്ണമായ നേട്ടങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ മനുഷ്യമൂലധനത്തിലെ നിക്ഷേപവും ശക്തമായ നിയമ ചട്ടക്കൂട് രൂപീകരിക്കുന്നതും നിർണ്ണായകമാണെന്ന് മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സിലെ നോൺ-റെസിഡന്റ് ഫെലോ നായിഫ് അൽ നബീത്ത് പറഞ്ഞു. സാങ്കേതികവിദ്യ കേവലം സ്വന്തമാക്കുന്നതുകൊണ്ടുമാത്രം രാജ്യങ്ങൾ പുരോഗമിക്കുന്നില്ലെന്നും, മറിച്ച് പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ സജ്ജരായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെയാണ് യഥാർത്ഥ പുരോഗതി ഉണ്ടാകുന്നതെന്നും ഖത്തർ വാർത്താ ഏജൻസിയോട് സംസാരിക്കവെ അദ്ദേഹം നിരീക്ഷിച്ചു.