യമനിലെ യുദ്ധബാധിതർക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അടിയന്തര സഹായം

  1. Home
  2. International

യമനിലെ യുദ്ധബാധിതർക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അടിയന്തര സഹായം

qatar


യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന യമനിലെ ജനങ്ങൾക്ക് അടിയന്തര ആരോഗ്യ-പോഷകാഹാര സേവനങ്ങളും സാമ്പത്തിക സഹായവും ലഭ്യമാക്കി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS). അൽ ഹുദൈദ ഗവർണറേറ്റിലെ അൽ സൈദിയ, അൽ ദാഹി എന്നീ ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ കോർഡിനേഷൻ അഫയേഴ്‌സ് ഓഫീസിന്റെ (UN OCHA) യമൻ ഹ്യുമാനിറ്റേറിയൻ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം യു.എസ് ഡോളർ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കുടിയിറക്കപ്പെട്ടവരും പ്രാദേശികവാസികളുമായ 55,000-ത്തിലധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് മുൻഗണന. മേഖലയിലെ രണ്ട് ആശുപത്രികളുടെയും രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനൊപ്പം മരുന്നുകൾ, ഉപകരണങ്ങൾ, ജീവനക്കാരുടെ വേതനം എന്നിവയും പദ്ധതിയിലൂടെ ഉറപ്പാക്കും. പ്രാഥമിക ആരോഗ്യം, പ്രസവ സംരക്ഷണം, അടിയന്തര പരിചരണം, മാനസികാരോഗ്യം എന്നീ സേവനങ്ങളും ലഭ്യമാക്കും.

കുട്ടികളിലും സ്ത്രീകളിലും പോഷകാഹാരക്കുറവ് പരിഹരിക്കാൻ ചൈൽഡ് ഫീഡിങ് കേന്ദ്രങ്ങളും ബോധവൽക്കരണ ക്യാമ്പുകളും സംഘടിപ്പിക്കും. കൂടാതെ, നിർധന കുടുംബങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കായി നേരിട്ടുള്ള സാമ്പത്തിക സഹായവും നൽകുമെന്നും ഖത്തർ റെഡ് ക്രസന്റ് അറിയിച്ചു.