ഗാസയിൽ നേത്ര ശസ്ത്രക്രിയ പദ്ധതിയുമായി ഖത്തർ റെഡ് ക്രസന്റ്
യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിൽ കാഴ്ചാ വൈകല്യങ്ങൾ നേരിടുന്നവർക്കായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) സൗജന്യ നേത്ര ശസ്ത്രക്രിയ പദ്ധതി ആരംഭിച്ചു. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് ഖാൻ യൂനിസിലെ അൽ-അമൽ ആശുപത്രിയിലാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. മൊത്തം 850 നേത്ര ശസ്ത്രക്രിയകളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശസ്ത്രക്രിയകൾക്ക് പുറമെ ആവശ്യമായ മറ്റ് ആരോഗ്യ സേവനങ്ങളും മെഡിക്കൽ സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജമാക്കും.
യുദ്ധവും അതിർത്തികൾ അടച്ചതും മൂലം ഗാസയിലെ ആശുപത്രികളിൽ അനുഭവപ്പെടുന്ന മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം പരിഹരിക്കാനാണ് പുതിയ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് ക്യു.ആർ.സി.എസ് ഓഫീസ് ഡയറക്ടർ ഡോ. അക്രം നാസ്സർ പറഞ്ഞു. ഒക്ടോബർ 2023-ന് ശേഷം ഗാസയിൽ മാത്രം 1,500-ലധികം ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ നേത്രരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് അടിയന്തരമായി ഈ ശസ്ത്രക്രിയ പദ്ധതിക്ക് ഖത്തർ റെഡ് ക്രസന്റ് രൂപം നൽകിയത്. തടസ്സമില്ലാതെ മരുന്നുകളും മറ്റ് ചികിത്സാ സാമഗ്രികളും എത്തിക്കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുണ്ട്.
