ഭക്ഷ്യസുരക്ഷാ സൂചികയിൽ തിളങ്ങി ഖത്തർ; പശ്ചിമേഷ്യയിൽ ഒന്നാമത്, ആഗോളതലത്തിൽ 19-ാം സ്ഥാനം
ആഗോള ഭക്ഷ്യസുരക്ഷാ രംഗത്ത് വീണ്ടും അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഖത്തർ. പ്രമുഖ ആഗോള ഗവേഷണ സ്ഥാപനമായ ഇക്കണോമിസ്റ്റ് ഇംപാക്റ്റിന്റെ 2026-ലെ ഫുഡ് സിസ്റ്റംസ് റെസിലിയൻസ് ഇൻഡക്സിൽ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആഗോളതലത്തിൽ 19-ാം സ്ഥാനമാണ് രാജ്യം നേടിയത്.
കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രതിസന്ധികൾ, ഭൗമരാഷ്ട്രീയ തർക്കങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഒരു രാജ്യത്തെ ഭക്ഷ്യവിതരണ ശൃംഖല എത്രത്തോളം ശക്തവും സുരക്ഷിതവുമാണെന്ന് വിലയിരുത്തുന്നതാണ് ഈ സൂചിക. അന്താരാഷ്ട്ര സൂചികയിൽ 69.89 എന്ന മികച്ച സ്കോറാണ് ഖത്തർ നേടിയത്. പശ്ചിമേഷ്യൻ മേഖലയിൽ 68.40 സ്കോറുമായി സൗദി അറേബ്യ പട്ടികയിൽ 24-ാം സ്ഥാനത്തും, 68.16 സ്കോറുമായി യുഎഇ 26-ാം സ്ഥാനത്തുമാണ്.
ഭക്ഷ്യോൽപ്പാദനത്തിലും വൈദ്യുതി ലഭ്യതയിലും റെക്കോർഡ് നേട്ടം
സൂചികയിലെ 'ഭക്ഷ്യനിരക്ക്' എന്ന ഉപവിഭാഗത്തിൽ ഖത്തർ ആഗോളതലത്തിൽ നാലാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ആധുനിക ഭക്ഷ്യോൽപ്പാദനം, സുരക്ഷിതമായ സംഭരണം, കൃത്യമായ വിതരണം എന്നിവയ്ക്ക് ഏറ്റവും നിർണ്ണായകമായ തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ ഖത്തർ ആഗോളതലത്തിൽ ഒന്നാം സ്ഥാനവും നേടി.
നൂതന സാങ്കേതികവിദ്യകളും ഗ്രീൻഹൗസ് സംവിധാനങ്ങളും ഉപയോഗിച്ച് പ്രാദേശിക കാർഷിക ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചതും, ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി നടപ്പിലാക്കിയ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുമാണ് രാജ്യത്തെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ മാത്രം ആശ്രയിക്കാതെ ആഭ്യന്തര ഉൽപ്പാദനത്തിൽ രാജ്യം കൈവരിച്ച സ്വയംപര്യാപ്തത കൂടിയാണ് ഈ സൂചിക അടിവരയിടുന്നത്.
