ഖത്തറിൽ പുതിയ ഗതാഗത നിയമം കർശനമാക്കി; കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10,000 റിയാൽ പിഴ

  1. Home
  2. International

ഖത്തറിൽ പുതിയ ഗതാഗത നിയമം കർശനമാക്കി; കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10,000 റിയാൽ പിഴ

qatar


കുട്ടികളെയോ പ്രത്യേക പരിചരണം ആവശ്യമുള്ളവരെയോ വാഹനത്തിനുള്ളിൽ തനിച്ചാക്കി പുറത്തുപോകുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. രാജ്യത്ത് പ്രാബല്യത്തിൽ വന്ന 2026-ലെ 19-ാം നമ്പർ പുതിയ ട്രാഫിക് നിയമത്തിലെ 71-ാം വകുപ്പ് പ്രകാരം, 13 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർ, ആരോഗ്യപ്രശ്നങ്ങൾ കാരണം മുതിർന്നവരുടെ മേൽനോട്ടം അനിവാര്യമായവർ, സ്വന്തമായി സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത രോഗികൾ, വയോധികർ എന്നിവർക്കും ഈ നിയമം ബാധകമാണ്. ഈ നിർദ്ദേശം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ 10,000 ഖത്തരി റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതിനുപുറമെ, റോഡ് ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി വാഹനങ്ങളിലെ ഹോണുകളുടെയും തീവ്രതയേറിയ ലൈറ്റുകളുടെയും ഉപയോഗത്തിനും പുതിയ നിയമപ്രകാരം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമത്തിലെ ആർട്ടിക്കിൾ 75 അനുസരിച്ച്, അപകടസാധ്യത ഒഴിവാക്കാൻ വേണ്ടി മാത്രമേ ഡ്രൈവർമാർ ഹോൺ മുഴക്കാൻ പാടുള്ളൂ. എന്നാൽ ഹോൺ സംവിധാനമില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കുന്നതും കുറ്റകരമാണ്. വാഹനങ്ങളിൽ എയർ ഹോണുകളോ സംഗീത ശബ്ദമുള്ള ഹോണുകളോ ഘടിപ്പിക്കുന്നതിന് കർശന വിലക്കുണ്ട്, ഇവ ലംഘിച്ചാൽ 500 ഖത്തരി റിയാൽ പിഴ ഈടാക്കും.

ലൈസൻസിംഗ് അതോറിറ്റിയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ സൈനിക വാഹനങ്ങൾ, അഗ്നിശമന സേന, രക്ഷാപ്രവർത്തന വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവയ്ക്കായി നീക്കിവെച്ചിട്ടുള്ള പ്രത്യേക ശബ്ദ-പ്രകാശ മുന്നറിയിപ്പ് ഉപകരണങ്ങളോ സമാനമായവയോ സ്വകാര്യ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 1,000 റിയാൽ പിഴ ലഭിക്കും. കൂടാതെ, ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 76 പ്രകാരം, പ്രതികൂല കാലാവസ്ഥ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലല്ലാതെ മറ്റു ഡ്രൈവർമാരുടെ കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ തീവ്രതയേറിയ മുൻ-പിൻ ലൈറ്റുകൾ തെളിക്കുന്നതും നിരോധിച്ചിട്ടുണ്ട്, ഇത് ലംഘിക്കുന്നവരിൽ നിന്ന് 500 റിയാൽ പിഴ ഈടാക്കുന്നതായിരിക്കും.