പശ്ചിമേഷ്യൻ സമാധാനത്തിന് ഖത്തർ മധ്യസ്ഥത; യു.എസും ഇറാനും നിർദേശങ്ങൾ പരിഗണിക്കുന്നു

  1. Home
  2. International

പശ്ചിമേഷ്യൻ സമാധാനത്തിന് ഖത്തർ മധ്യസ്ഥത; യു.എസും ഇറാനും നിർദേശങ്ങൾ പരിഗണിക്കുന്നു

qatar


പശ്ചിമേഷ്യൻ മേഖലയിലെ രൂക്ഷമായ സൈനിക സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങൾ സജീവമായി തുടരുകയാണെന്ന് ഖത്തർ. അമേരിക്കയ്ക്കും ഇറാന്റെ പ്രതിനിധികൾക്കും യുദ്ധവിരാമത്തിനായുള്ള വിവിധ നിർദേശങ്ങൾ കൈമാറിയിട്ടുണ്ടെന്നും ദോഹയിലും തെഹ്‌റാനിലും നടന്ന പ്രാഥമിക ചർച്ചകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും മധ്യസ്ഥർ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ പരിഗണിക്കാൻ തയാറായിട്ടുണ്ട്. തെഹ്‌റാനിൽ മണിക്കൂറുകൾ നീണ്ട ഉന്നതതല ചർച്ചകളാണ് പൂർത്തിയായത്. അമേരിക്കയും ഇറാനും തമ്മിൽ നേരിട്ട് ചർച്ച നടത്തുന്നതിന് പകരം ഇരുപക്ഷത്തിനും സന്ദേശങ്ങളും നിർദേശങ്ങളും കൈമാറുന്ന രീതിയിലാണ് ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ നീക്കം പുരോഗമിക്കുന്നത്. അമേരിക്കയുമായി അന്തിമ ധാരണയിലെത്തുന്നതിന് മുൻപായി ഇറാൻ ചില പ്രധാന ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. തങ്ങൾക്കുമേൽ യു.എസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ഇളവുകൾ പുനഃസ്ഥാപിക്കുക, പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുക, ഒപ്പം ഇസ്രായേൽ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സൈനിക സംഘർഷങ്ങൾക്കും ശാശ്വത പരിഹാരം കാണുക എന്നിവയാണ് ഇറാന്റെ ആവശ്യങ്ങൾ.

നയതന്ത്ര നീക്കങ്ങൾ ഒരുവശത്ത് സജീവമായി നടക്കവേ തന്നെ, തന്ത്രപ്രധാനമായ ഖിഷം (Qeshm) ദ്വീപിൽ അമേരിക്കൻ സേന പരിമിതമായ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും വിമാനങ്ങൾക്കും നേരെ ഇറാൻ ഉപരിതല-വ്യോമ മിസൈലുകൾ പ്രയോഗിച്ചതിനെ തുടർന്നുള്ള പ്രതിരോധ നടപടിയാണിതെന്നാണ് യു.എസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, ഇറാനുമായി ഉടൻ തന്നെ ഒരു കരാറിലെത്താൻ സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.