ഖത്തർ - ഒമാൻ ഉഭയകക്ഷി സഹകരണം: അമീറും സുൽത്താനും കൂടിക്കാഴ്ച നടത്തി

  1. Home
  2. International

ഖത്തർ - ഒമാൻ ഉഭയകക്ഷി സഹകരണം: അമീറും സുൽത്താനും കൂടിക്കാഴ്ച നടത്തി

qatar


ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ദോഹയിലെ അമിരി ദീവാനിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനൊപ്പം പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.

ലഭിച്ച ഊഷ്മള സ്വീകരണത്തിന് ഒമാൻ സുൽത്താൻ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും സംയുക്ത പദ്ധതികൾ വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഖത്തർ ഉപപ്രധാനമന്ത്രി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി എന്നിവരുൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും, ഒമാൻ ഭാഗത്തുനിന്ന് മസ്‌കത്ത് ഗവർണർ സയ്യിദ് ബിലാറബ് ബിൻ ഹൈതം, റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ തുടങ്ങിയ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമാൻ സുൽത്താന്റെയും പ്രതിനിധി സംഘത്തിന്റെയും ബഹുമാനാർത്ഥം ഖത്തർ അമീർ ഉച്ചവിരുന്നും നൽകി.