റോഹിങ്ക്യൻ അഭയാർഥികൾക്കായി ഖത്തറിന്റെ സമഗ്ര ആരോഗ്യ പദ്ധതി
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്കായി സമഗ്ര ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും സംയുക്തമായി പ്രാദേശിക പങ്കാളികളുമായി സഹകരിച്ചാണ് 12 മാസം ദൈർഘ്യമുള്ള ഈ പദ്ധതി നടപ്പാക്കുന്നത്. പ്രൈമറി ഹെൽത്ത് കെയർ സെന്റർ വഴി ഏകദേശം 33,850 റോഹിങ്ക്യൻ അഭയാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അഭയാർഥികൾക്ക് 24 മണിക്കൂറും തടസ്സമില്ലാതെ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, ഇൻപേഷ്യന്റ് പരിചരണം, ഗർഭകാല-പ്രസവാനന്തര ശുശ്രൂഷകൾ, കുത്തിവെപ്പുകൾ, ലാബ് പരിശോധനകൾ, സൗജന്യ മരുന്നുവിതരണം എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും.
പകർച്ചവ്യാധികൾ, മാറാരോഗങ്ങൾ, മാനസികാരോഗ്യം എന്നിവയ്ക്കുള്ള പിന്തുണയ്ക്ക് പുറമെ ആംബുലൻസ്, റഫറൽ സംവിധാനങ്ങളും ഏർപ്പെടുത്തും. മാതൃ-ശിശു പോഷകാഹാര ബോധവൽക്കരണം, പൊതുജനാരോഗ്യ വിദ്യാഭ്യാസം എന്നിവ വഴി അഭയാർഥി ക്യാമ്പുകളിലെ ആരോഗ്യനിലവാരം ഉയർത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
