ഈജിപ്തിൽ ഖത്തർ അമീറിന്റെ പേരിൽ പുതിയ ആശുപത്രി; കരാർ ഒപ്പുവെച്ചു
ഖത്തർ അമീറിന്റെ പേരിൽ ഈജിപ്തിൽ പുതിയ ആശുപത്രി സ്ഥാപിക്കാൻ തീരുമാനമായി. ഖത്തർ പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചത്.
ദക്ഷിണ ഈജിപ്തിലെ സൊഹാഗ് ഗവർണറേറ്റിലാണ് 360 ബെഡുകളുള്ള 'ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി ഹോസ്പിറ്റൽ' യാഥാർഥ്യമാകുക. ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റും ഈജിപ്ത് ആരോഗ്യ മന്ത്രാലയവുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ സൊഹാഗിലെ ഏഴര ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സൊഹാഗ് നഗരത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് ഈജിപ്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏഴാമത് ഈജിപ്ത് - ഖത്തർ സംയുക്ത ഉന്നതതല സമിതി യോഗത്തിൽ ആരോഗ്യം ഉൾപ്പെടെ നാലു സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്.
