ഗസ്സയിൽ ഖത്തറിന്റെ കൈത്താങ്ങ്; മൂന്ന് കോടി ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്ന ബൃഹദ് പദ്ധതിക്ക് തുടക്കമായി

  1. Home
  2. International

ഗസ്സയിൽ ഖത്തറിന്റെ കൈത്താങ്ങ്; മൂന്ന് കോടി ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്ന ബൃഹദ് പദ്ധതിക്ക് തുടക്കമായി

gaza


യുദ്ധക്കെടുതിയിൽ കുടിനീരിനായി വലയുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS). വിവിധ അഭയാർത്ഥി ക്യാമ്പുകളിലും താൽക്കാലിക താമസസ്ഥലങ്ങളിലും കഴിയുന്നവർക്കായി മൂന്നു കോടി ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്ന ബൃഹദ് പദ്ധതിക്ക് തുടക്കമായി. കോസ്റ്റൽ മുനിസിപ്പാലിറ്റിസ് വാട്ടർ യൂട്ടിലിറ്റിയുമായി സഹകരിച്ച് ആറ് ലക്ഷം യു.എസ് ഡോളർ (ഏകദേശം 5 കോടിയിലധികം രൂപ) ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഗസ്സയിലെ ജല-ശുചീകരണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ അടിയന്തര ഇടപെടൽ. ഗസ്സയുടെ വടക്കൻ മേഖലകൾ, ദീർ അൽ ബലാഹ്, തെക്കൻ ഗവർണറേറ്റുകൾ എന്നിവിടങ്ങളിൽ വാട്ടർ ടാങ്കറുകൾ വഴി ശുദ്ധജലമെത്തിക്കും. നിലവിൽ ഗസ്സയിലെ 85 ശതമാനത്തിലധികം കുടിവെള്ള വിതരണ ശൃംഖലകളും തകർക്കപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം കിണറുകളും ശുദ്ധീകരണ പ്ലാന്റുകളും പ്രവർത്തനരഹിതമായതോടെ പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതിയുടെ പ്രാധാന്യം ഏറുന്നത്.

കുടിവെള്ളം ലഭ്യമാക്കുക എന്നത് കേവലം ഒരു സേവനമല്ല, മറിച്ച് ആയിരക്കണക്കിന് കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവൻ സംരക്ഷിക്കാനുള്ള അടിയന്തര പോരാട്ടമാണെന്ന് ക്യു.ആർ.സി.എസ് ഓഫീസ് മേധാവി ഡോ. അക്രം നാസർ പറഞ്ഞു. ഖത്തർ ഗവൺമെന്റിന്റെയും ജനങ്ങളുടെയും പിന്തുണയോടെ ഗസ്സയിൽ കൂടുതൽ ജലസേചന-ശുചീകരണ പദ്ധതികൾ നടപ്പാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.