യുഎഇയിൽ മഴ തുടരുന്നു; വിമാനയാത്രക്കാർക്ക് എമിറേറ്റ്സ് മുന്നറിയിപ്പ്, ഷാർജയിൽ വർക്ക് ഫ്രം ഹോം
യുഎഇയിൽ തുടരുന്ന അസ്ഥിര കാലാവസ്ഥയെത്തുടർന്ന് വിമാനയാത്രക്കാർക്കും പൊതുജനങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. മഴയും ശക്തമായ കാറ്റും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ മാർച്ച് 27 വരെ യാത്ര ചെയ്യുന്നവർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ എത്തണമെന്നും നിർദ്ദേശമുണ്ട്.
ഷാർജയിൽ റിമോട്ട് വർക്കിങ്
അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് മാർച്ച് 26 വ്യാഴാഴ്ച വരെ റിമോട്ട് വർക്കിങ് (Work from Home) സംവിധാനം പ്രഖ്യാപിച്ചു. എന്നാൽ, ഓഫിസിൽ നേരിട്ടെത്തി ചെയ്യേണ്ട അത്യാവശ്യ ജോലികളുള്ള ജീവനക്കാരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടി. രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും സർവ്വകലാശാലകളും ഇതിനോടകം തന്നെ ഓൺലൈൻ പഠനത്തിലേക്ക് മാറിയിട്ടുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കാൻ:
- വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കുക.
- റോഡിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും പരിഗണിച്ച് നേരത്തെ യാത്ര തിരിക്കുക.
- ഔദ്യോഗിക അറിയിപ്പുകൾക്കായി എയർലൈൻ വെബ്സൈറ്റുകളും സോഷ്യൽ മീഡിയയും ശ്രദ്ധിക്കുക.
