മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ; പർവ്വത മേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ജബൽ ശംസിൽ താപനില 3.3 ഡിഗ്രിയിലേക്ക് താഴ്ന്നു
ഒമാനിലെ മസ്കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മഴ ലഭിച്ചു. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയാണ് അനുഭവപ്പെട്ടത്. മസ്കത്ത് വിലായത്തിലെ തീരപ്രദേശങ്ങളിലും മഴ തുടർന്നു.
ഹജർ മലനിരകൾ, ദോഫാറിലെ പർവ്വതപ്രദേശങ്ങൾ, മരുഭൂമി മേഖലകൾ എന്നിവിടങ്ങളിൽ മേഘങ്ങൾ രൂപപ്പെടുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വരും മണിക്കൂറുകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില ജബൽ ശംസിൽ രേഖപ്പെടുത്തി; 3.3 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില. സൈഖിൽ 10.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഉമ്മുൽ സമാഇമിലും അൽ കാമിൽ വൽ വാഫിയിലുമാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 32.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
