യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യത; തണുപ്പ് വർദ്ധിക്കും, ജാഗ്രതാ നിർദ്ദേശം
യുഎഇയുടെ വടക്കൻ മേഖലകളിൽ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പടിഞ്ഞാറൻ മേഖലകളിൽ താപനില ഗണ്യമായി കുറയുന്നതോടെ തണുപ്പ് വർദ്ധിക്കും. അബൂദബിയിലും ദുബൈയിലും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത.
ചില ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ തീരമേഖലകളിലും രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ സാധ്യതയുണ്ട്. ഇതിനൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനും ഇടയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ ചിലപ്പോൾ പ്രക്ഷുബ്ധമായേക്കാം.
തിങ്കളാഴ്ച മുതൽ ജനുവരി 8 വരെ രാജ്യവ്യാപകമായി അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാനും ഇടയ്ക്കിടെ നേരിയ മഴ പെയ്യാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയുന്ന സാഹചര്യങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
