യുഎഇയിൽ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത; പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു
യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ അന്തരീക്ഷമായിരിക്കും രാജ്യത്തുണ്ടാവുക. താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസും ദുബായിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
തീരദേശ, ആഭ്യന്തര മേഖലകളിൽ രാത്രിയിലും പുലർച്ചെയും ഈർപ്പം വർധിക്കും. ശക്തമായ മഞ്ഞിന് സാധ്യതയുള്ളതിനാൽ രാവിലെ 5.15 മുതൽ 9.00 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കി.മീ വരെ വേഗതയിൽ വീശുന്ന കാറ്റ് ചിലപ്പോൾ 35 കി.മീ വരെ വേഗത കൈവരിച്ചേക്കാം. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
