യു.എ.ഇയിൽ വിവിധയിടങ്ങളിൽ മഴ സാധ്യത; ദുബായിൽ താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും
യു.എ.ഇയുടെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഉച്ചയ്ക്കുശേഷം ചില പ്രദേശങ്ങളിൽ ശക്തമായ മഴമേഘങ്ങൾ (Convective clouds) രൂപപ്പെടാൻ സാധ്യതയുണ്ട്.
രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായി തീരദേശ, ഉൾനാടൻ മേഖലകളിൽ അന്തരീക്ഷ ഈർപ്പം ഉയരാനും മഞ്ഞിനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 45 കിലോമീറ്റർ വരെ വേഗത പ്രാപിച്ചേക്കാം. മഴമേഘങ്ങളുള്ള പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
വ്യാഴാഴ്ച ഷാർജയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രിയും അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കാം. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില അൽ ദഫ്രയിലെ മെസൈറയിൽ 47.4 ഡിഗ്രി സെൽഷ്യസാണ്.
