ഖത്തറിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കാം
ഖത്തറിൽ ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാൽ ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. ഈ ആഴ്ചയിലുടനീളം രാജ്യത്തിന്റെ പലയിടങ്ങളിലും മഴ തുടരുമെന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ദൂരക്കാഴ്ച കുറയാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കടലിൽ പോകുന്നവരും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ഖത്തറിലെ നിലവിലെ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിപ്പുണ്ട്.
