റിയാദിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ഇന്ന് കനത്ത മഴ പെയ്‌തേക്കുമെന്ന് മുന്നറിയിപ്പ്

  1. Home
  2. International

റിയാദിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ഇന്ന് കനത്ത മഴ പെയ്‌തേക്കുമെന്ന് മുന്നറിയിപ്പ്

kuwait rain


സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ് പ്രവിശ്യയിൽ ഏപ്രിൽ 27 തിങ്കളാഴ്ച വരെ മഴ തുടർന്നേക്കും. ശനിയാഴ്ചയായ ഇന്ന് പ്രവിശ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം. റിയാദ് സിറ്റി, അൽ ദിലം, മുസാഹിമിയ, ഖിദ്ദിയ, ദിരിയ, അൽഹാരിഖ്, അൽഖർജ്, ഹൗതാത് ബനീ തമീം, റുമ എന്നിവിടങ്ങളിലെല്ലാം മഴയ്ക്ക് സാധ്യതയുണ്ട്.

ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷം, പൊടിക്കാറ്റ്, മിന്നൽ പ്രളയം എന്നിവയ്ക്കും സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം പലയിടങ്ങളിലും ദൂരക്കാഴ്ച കുറയാൻ ഇടയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം. മക്ക പ്രവിശ്യയിലെ ത്വാഇഫ്, തുർബ, മുവൈഹ്, ഖുർമ, റനിയാ, മെയ്സാൻ, അദ്ഹാം എന്നിവിടങ്ങളിലും മഴ പെയ്തേക്കും.

റിയാദിന് പുറമെ ഖസീം, ഹാഇൽ, മദീന, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, കിഴക്കൻ പ്രവിശ്യ, അൽ ബാഹ, അസീർ, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലും മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. തബൂക്ക് പ്രവിശ്യയിൽ നേരിയ മഴയ്ക്കാണ് സാധ്യത. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.

വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകൾ, വാദികൾ തുടങ്ങിയ ഇടങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. വാദികളിൽ ഇറങ്ങുന്നതോ നീന്താൻ ശ്രമിക്കുന്നതോ അപകടകരമാണ്. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.